വർഗ്ഗബോധമില്ലാത്ത കോമാളികൾ
കോട്ടിട്ട് ചാനൽ സ്റ്റുഡിയോയിൽ ഇരിക്കുന്നത് കൊണ്ട് തങ്ങളൊക്കെ മുതലാളി വർഗത്തിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിച്ചവർ ആണ് ചിലർ. കാവിപുതച്ച മുതലാളിയുടെ കാൽ കഴുകി കുടിക്കുന്നവരാണ് മറ്റ് ചിലർ. കോവിഡ് കാലത്ത് പല മാധ്യമ സ്ഥാപനങ്ങളും ഒരു കാരണവുമില്ലാതെ മാധ്യമപ്രവർത്തകരെ പുറത്താക്കുകയും ശമ്പളം വെട്ടി കുറക്കുകയും ചെയ്തപ്പോളെങ്കിലും ഇവർക്ക് സ്വയം തൊഴിലാളികൾ ആണെന്ന ബോധം ഉണ്ടാവുമെന്ന് ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. സഹപ്രവർത്തകരുടെ അവസ്ഥ മനസിലാക്കാൻ ഉള്ള ബോധം ഇല്ലാത്തവർ എങ്ങനെയാണ് മറ്റ് മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കഷ്ടപ്പാട് മനസിലാവുന്നത്. രാജ്യത്തെ തൊഴിൽ നിയമങ്ങൾ എന്താണ് എന്നും അതൊക്കെ എങ്ങനെയാണ് ബിജെപി സർക്കാർ നശിപ്പിക്കുന്നത് എന്നും മനസിലാക്കാനുള്ള ബോധവും വിവരവും ഇവരിൽ പലർക്കും ഇല്ല എന്നതാണ് സത്യം.
തൊഴിൽ നിയമങ്ങൾ നശിപ്പിക്കപ്പെടുമ്പോളും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതു മേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുമ്പോഴും ഇലക്ഷൻ ഇല്ലാത്ത സമയം മുഴുവൻ അനുദിനം പെട്രോൾ വില കൂട്ടുമ്പോഴും പിഎഫിന്റെ റേറ്റ് കുറക്കുമ്പോഴും സാധാനരണക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ചർച്ച ചെയ്യാൻ അഞ്ച് മിനിറ്റ് പോലും മാറ്റി വെക്കാത്തവർ ആണ് ഈ പണിമുടക്കിനെ തകർക്കാൻ അത് കൊണ്ട് ജനങ്ങൾക്കുണ്ടാവുന്ന താത്കാലിക ബുദ്ധിമുട്ടുകളെ പെരുപ്പിച്ച് കാണിച്ച് കാവി - കോർപറേറ്റ് പടകൾക്ക് വേണ്ടി അടിമപണി ചെയ്യുന്നത്. ലുലു mall തുറന്ന് പ്രവർത്തിക്കും എന്ന് ഫേക്ക് വാർത്ത വരെ ഇക്കൂട്ടർ കൊടുക്കും.
ഈ വർഗ്ഗബോധമില്ലാത്ത കോമാളികൾക്ക് പക്ഷെ എല്ലാ സമരങ്ങളോടും പണി മുടക്കുകളോടും ഇതേ സമീപനമല്ല. 2018ൽ ശബരിമല വിധിക്ക് ശേഷം വർഗീയ അജണ്ടയുമായി സംഘികൾ ഒരു മാസത്തിൽ ആറ് ഹർത്താൽ വരെ നടത്തിയിട്ടും അനങ്ങാത്ത മഹാന്മാരാണ് ചില ലിബറൽ വേഷമിട്ട മാധ്യമപ്രവർത്തകർ. മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിൽ സമരം ചെയ്താലേ ഇവർക്ക് വിഷമം ഉള്ളൂ. ഈ സമരം എന്തിനു വേണ്ടി എന്ന് ഒരിക്കൽ പോലും പറയാത്തത് നിഷ്കളങ്കം അല്ല. അറിഞ്ഞു കൊണ്ട് തന്നെ ഉള്ള കളിയാണ്.